വരയാടുകളുടെ കൂട്ടിനുള്ളില്‍
എഴുത്ത്: ജി ജ്യോതിലാല്‍, ചിത്രങ്ങള്‍: സാലി പാലോട്

വരയാടുകളെ കാണാന്‍ രാജമല ചെന്നാല്‍ മതി. തൊട്ടരികില്‍വരെ വണ്ടിപോവും. ഇഷ്ടംപോലെ കാണാം. കൂടെ നിന്ന് ഫോട്ടോ എടുക്കാം. സഞ്ചാരികളെ കണ്ടാല്‍ അവയ്ക്ക് യാതൊരു പേടിയും ഇല്ല. എന്നാല്‍ തികച്ചും പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ വരയാടുകള്‍ മനുഷ്യരെ കണ്ടാല്‍ ഓടി മാറും. കറുത്ത പാറക്കല്ലില്‍ വരയാടുകളെ കാണുന്നത് തന്നെ പ്രയാസമാണ്. പാറപ്പുറത്ത് അവ അനങ്ങാതെ നില്ക്കുന്നതു കാണുമ്പോള്‍ ഒരു കല്ല് കിടക്കുന്നതായേ തോന്നു. അങ്ങിനെ തികച്ചും സ്വാഭാവികമായ പ്രകൃതിയില്‍ വരയാടുകളെ കാണാന്‍ വേണ്ടിയാണ് ഈ യാത്ര.
വനം വകുപ്പ് ഫോട്ടോഗ്രാഫി നിരോധിക്കുന്നതിനും മുമ്പ് അനുമതി വാങ്ങി, അവര്‍ വിട്ടുതന്ന വഴികാട്ടിക്കൊപ്പമായിരുന്നു യാത്ര. ഈ മേഖല മനപാഠമാക്കിയ ഫോട്ടോഗ്രാഫര്‍ സാലിപാലോടാണ് ഒപ്പം. പെരിങ്ങമല ഇക്ബാല്‍ കോളേജിലെ പ്രിന്‍സിപ്പള്‍ അബ്ദുള്‍സത്താര്‍, ജൈവവൈവിധ്യത്തെ കുറിച്ച് നല്ല ധാരണയുള്ള, അതില്‍ നിരന്തരം ഗവേഷണം നടത്തുന്ന ഡോ: കമറുദ്ദീന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പൊന്മുടിയിലേക്കുള്ള വഴിയില്‍ ആനപ്പാറയിലെ വനംവകുപ്പ് ഓഫീസിലാണ് വഴികാട്ടിയായ രാജന്കാണി കാത്തിരിക്കുന്നത്. പ്രിന്‍സിപ്പാളിന്റെ ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര.

പൊന്മുടിക്കുള്ള വഴിയില്‍ ഗോള്‍ഡന്‍വാലി പിക്നിക്ക് പോയിന്റ് കഴിഞ്ഞാല്‍ ഇടത്തോട്ട് തിരിഞ്ഞ് അല്പം പോയാല്‍ മൊട്ടമൂടായി. അതൊരു ആദിവാസി സെറ്റില്‍മെന്റാണ്. രാവിലെയും വൈകീട്ടും ഇങ്ങോട്ടേക്ക് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുണ്ട്. അവിടെ വരെയേ ജീപ്പും പോകൂ. പിന്നെ ഒരു ആറു കിലോമീറ്ററോളം നടക്കണം. കൊടുംകാട്ടിലൂടെ മലമേടുകള്‍ താണ്ടി ഒരു യാത്ര. അവിടെ നിന്നും കൊടുകാട്ടിലൂടെ കുത്തനെയുള്ള കയറ്റം തുടങ്ങുകയായി. വഴിക്ക് കൃഷിയിടങ്ങള്‍. ദൈവക്കല്ല് കോളനിക്കാരുടെ കൃഷിയാണ്. എല്ലാം കാട്ടുപന്നികള്‍ നശിപ്പിക്കും. അതുകൊണ്ട് അധികമാരും ഇപ്പോല്‍ കൃഷിയിറക്കുന്നില്ല.
പോകും വഴി നിറയെ കുറ്റിഈന്തുകള്. ആനയുടെ ഇഷ്ടവിഭവം. ആടുകള്‍ക്കും ഇതിന്റെ തളിരിലകള്‍ പ്രിയം.
''സൂക്ഷിക്കണേ കുഴിയുണ്ട്'' രാജന് മുന്നറിയിപ്പു തന്നു. വൈഡൂര്യക്കുഴിയാണോ? സാലി ചോദിച്ചു. അതെന്തുകുഴി? ഞങ്ങള്‍ക്കും കൗതുകം. ''പൊന്മുടി മലകള്‍ വൈഡൂര്യം ഒളിപ്പിച്ചുവെച്ചവയാണ്. പൊന്‍മൂടി കിടന്ന മലകളാണ് പൊന്മുടിയായതെന്നും പേരിനു വ്യാഖ്യാനമുണ്ട്'', കമറുദ്ദീന് വൈഡൂര്യക്കഥ പറയാന്‍ തുടങ്ങി. പലരും ഇവിടെ വൈഡൂര്യം തേടി കുഴിയെടുത്തു. അതുവഴിസമ്പന്നരായി. വൈഡൂര്യം എടുത്തുകൊടുത്തിരുന്ന ഒരു മാധവന് ഇവിടെയടുത്തുണ്ട്. കല്ല് മാധവന് എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. മാധവന് വഴി പലരും പണക്കാരായെങ്കിലും അയാളിന്നും കല്ല് മാധവന് തന്നെ.

നടന്നു നടന്നു പുന്നമരം എന്ന ലാന്റ് മാര്ക്കിനടുത്തെത്തി. അവിടെ കാട്ടുപോത്തും മറ്റും തമ്പടിക്കുന്നയിടമാണ്. പുല്‍നാമ്പുകള്‍ വടക്കോട്ട് ചരിഞ്ഞിരിക്കുന്നതിനാല്‍ അവ വടക്കോട്ട് പോയിരിക്കുന്ന എന്ന രാജന്കാണി. ഇവിടെ വരെ 1.8 കിലോമീറ്ററാണ് ദൂരം. പക്ഷെ 18 കിലോമീറ്റര്‍ നടന്ന എഫക്ടുണ്ട്. അല്പം കൂടി മുന്നോട്ട് നടക്കുമ്പോള്‍ വഴി പിരിയുന്നു. താഴ്വാരത്തിലൂടെ നടന്നാല്‍ വനംവകുപ്പിന്റെ ഷെഡിനടുത്തൂകൂടി വരയാടുമുടിയിലേക്ക് കയറാം. പക്ഷെ നമുക്ക് സര്ക്കാര്മൊട്ട വഴി പോകാം. അതിന്റെ താഴ് വരയിലും ആടുകളെ കാണാം. അങ്ങിനെ രാജന് തെളിച്ച വഴിയേ ഞങ്ങള്‍ നടന്നു. രാവിലെയാണെങ്കിലും വെയിലിനു നല്ല ചൂട്. മലകറ്റത്തിന്റെ ആയാസം കൂടിയാവുമ്പോള്‍ വിയര്‍പ്പുചാലുകള്‍ ഒഴുകുന്നു.
സര്ക്കാര്മൊട്ടയുടെ മുകളിലെത്തിയപ്പോള്‍ താഴെ ആടുകള്‍ മേയുന്നു. രാജന് ചൂണ്ടികാണിച്ചിട്ടും ഞങ്ങള്‍ ഒന്നിനെയും കാണുന്നില്ല. ആടൊരെണ്ണം ചാടിയപ്പോഴാണ് കാഴ്ചയില്‍ പെട്ടത്. ക്യാമറയില്‍ പരമാവധി സൂം ചെയ്തിട്ടും ആട് ്അടുക്കിന്നില്ല. എടുത്ത പടം ക്യാമറ മോണിറ്ററില്‍ ഒന്നുകൂടി സൂം ചെയ്തപ്പോള്‍ ആട് തെളിഞ്ഞുവന്നു. പെട്ടെന്നാണൊരു മൂളക്കം. പടയിളകിവരുന്ന ഒരു കറുത്തസംഘം. ബോംബേറുസമയത്ത് കമിഴ്ന്നു കിടക്കുന്ന പട്ടാളക്കാരെ പോലെ എല്ലാവരുമൊന്നു കുനിഞ്ഞു. തലയ്ക്കു മുകളില്‍ അവര്‍ പറന്നകന്നു. തേനീച്ചക്കൂട്ടമാണ്. സംഘംപിരിഞ്ഞ് പുതിയതാവളം തേടുന്നവര്‍. പെരുന്തേന്‍ ഉണ്ടാക്കുന്ന തേനീച്ചകളാണിവ. ഇവിടം പണ്ട് പെരുന്തേന്മല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് പെരിങ്ങമലയായതാണ്. കമറുദ്ദീനിനെ ഗവേഷകന് വാചാലനാകുന്നു.
എന്തായാലും നടക്കാം. വരയാടുമുടിയുടെ സംരക്ഷകനാണ് ഈ മൊട്ട. അതുകൊണ്ടാണ് സര്ക്കാര്മൊട്ട എന്ന പേരു നല്‍കിയത്. സര്‍ക്കാര്‍ സംരക്ഷകനാണെന്ന വിശ്വാസത്തിന്റെ പുറത്ത് ചാര്‍ത്തികൊടുത്ത പേര്!

സര്‍ക്കാര്‍ മൊട്ടയുടെ മുകളില്‍ ഒരു പാറയിടുക്ക് വിശ്രമിക്കാന്‍ പറ്റിയയിടം. അവിടിരുന്നാല്‍ താഴ്വരകള്‍ കാണാം. പാറയില്‍ ഊറിവരുന്ന ഇത്തിരി വെള്ളം ആടുകള്‍ക്കും ആളുകള്‍ക്കും അനുഗ്രഹമാവുന്നു. ഞങ്ങളും പ്രഭാതഭക്ഷണം കഴിക്കാന്‍ അവിടെതന്നെയിരുന്നു. ആ പാറ മുകളിലിരുന്നാല്‍ താഴ്വരയിലെ പച്ച നെടുമ്പറമ്പ് ശാസ്താക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ പ്രത്യേക അനുഭവമാണ്. പരിസരവാസികള്‍ ഇവിടെ വന്നിരുന്ന് വെടിക്കെട്ട് കാണാറുണ്ടെന്ന് രാജന്.
സര്‍ക്കാര്‍ മൊട്ടയില്‍ നിന്നും വരയാടുമുടിയിലേക്ക് കുത്തനെ ഒരു ഇറക്കമാണ്. പുല്‍മേടുകള്‍ വകഞ്ഞുമാറ്റി ഉരസിയിറങ്ങി താഴവാരത്തിലെത്തിയപ്പോള് രാജന് പറഞ്ഞു. ഇതു വഴി പോയാല്‍ ആട്ടിന്‍കൂട് കാണാം. ''ങേ കാട്ടിനുള്ളില്‍ ആട്ടിന്കൂടോ?'' അതേ വലിയൊരു പാറയുടെ പള്ളയില്‍ പ്രകൃതി ഒരുക്കികൊടുത്തൊരു കൂടുണ്ടിവിടെ. വലിയൊരു ഗുഹ. പത്ത് നൂറു ആടുകള്‍ക്ക് ഒന്നിച്ചു നില്ക്കാം. ''എന്നാല്‍ പിന്നെ അതൊന്നു കണ്ടിട്ടുണ്ട് തന്നെ കാര്യം''.
ആട്ടിന്‍കൂട് കണ്ട ശേഷം നമുക്ക് വരയാട് മുടിയില്‍ കയറാം. പോകുംവഴിക്കൊരു ക്ഷേത്രവുമുണ്ട്. താഴ്വരയിലെ ചോലക്കാടിന് പച്ചപ്പിന്റെ ആര്ദ്രതയുണ്ടായിരുന്നു. അത് മുറിച്ചുകടന്ന് ക്ഷേത്രത്തിലെത്തി. കാട് തന്നെയാണിവിടെ ചുറ്റമ്പലം. വാനം ശ്രീകോവില്‍ തീര്‍ത്തിരിക്കുന്നു. പ്രതിഷ്ഠയായി ഒരു കല്ലും. വിളക്കുകള്‍ അവിടവിടെയായി കിടപ്പുണ്ട്. ഇടയ്ക്ക് ഭക്തര്‍ വരും കാണിക്കയര്‍പ്പിക്കും. പൊങ്കാല നേദിക്കും.

കാട് കടന്ന് വീണ്ടും കയറ്റം കയറാന്‍ തുടങ്ങി. വള്ളികളും പാറക്കെട്ടുകളും ചവിട്ടി ഉയരങ്ങളിലേക്ക്, മുന്നില്‍ വലിയൊരു കരിമ്പാറക്കെട്ട്. പാറക്കെട്ടിനിടയില്‍ കാന്തകവുങ്ങുകളും തലയുയര്‍ത്തി നില്ക്കുന്നു. ഇതിന്റെ പാളയി ല്‍ ചുടുചോറിട്ട് കഴിച്ചാല്‍ കുട്ടികളിലെ കൊഞ്ഞ് (സംസാരവൈകല്യം) മാറും കട്ടായം.
മഴക്കാലത്ത് ഒഴുകിയിറങ്ങാനായി വെള്ളം തീര്‍ത്ത വഴികള്‍ അതു വഴി നടന്നു കയറി. കൂര്ത്തമുള്ളുകളുമായി 'കട്ടക്കാരി' തടസ്സം പിടിക്കുന്നു. മുള്ളുകൊണ്ടാല്‍ കുടുങ്ങി. ഉണങ്ങാന്‍ പാടായിരിക്കും. മുന്നറിയിപ്പ് തള്ളിക്കളഞ്ഞില്ല. തടി നിറയെ വയലറ്റ് പൂക്കളുമായി ഒരു ചെടി മുന്നില്‍ മന്ദസ്മിതവുമായി നില്ക്കുന്നു. കുഞ്ഞുകൈതകള് തലയാട്ടുന്നു. അവ പൂത്താല്‍ നല്ലമണമായിരിക്കും. താഴംപുവിന്റെ അതേമണം. അമൃതപാല, സോറിയാസിന് കൈകൊണ്ട ഔഷധമായ ദന്തപ്പാല, പാമ്പിന്‍വിഷത്തിനുള്ള മരുന്നായ ഗരുഡക്കൊടി, ഭദ്രാക്ഷം, വിഴാല്‍, കാട്ടുജാതി, കാട്ടുകുടംപുളി അങ്ങിനെ ഔഷധച്ചെടികളേയും അപൂര്‍വ സസ്യജാലങ്ങളെയും പരിചയപ്പെട്ടുകൊണ്ടായിരുന്നു യാത്ര. കാട് വന്യമൃഗങ്ങളുടേത് മാത്രമല്ല. ജൈവവൈവിധ്യങ്ങളുടേതാണ്. ഓരോ ട്രക്കിങും അവ മനസിലാക്കാനുള്ള യാത്രകള്‍ കൂടിയാവണം.

കയറി കയറി ആട്ടിന്‍ കൂടിനു താഴെയെത്തി. ഇനിയെങ്ങിനെ മേലോട്ട് കയറുമെന്നറിയാതെ നില്ക്കുമ്പോള് പാറയില്‍ അള്ളിപ്പിടിച്ച ആ ലിന്വേരുകള് ഒരു കൈ സഹായവുമായി വന്നു. വേര് പിടിച്ചു മുകളില്‍ കയറി. ഒരു ഉടുമ്പിനെപോലെ. അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു. പാറയുടെ അരികില്‍ ഒരു കാല് വെക്കാനിടമുള്ളിടത്തു കൂടെ ഗുഹയിലേക്ക് കയറി. മഴ പെയ്താല്‍ 100 ആടിന് വരെ മഴകൊള്ളാതെ ഇവിടെ നില്ക്കാം. ഉള്ളില്‍ ചെറിയൊരു അറ വേറെയും. അത് ഈറ്റില്ലമാണ്. പ്രസവം സുരക്ഷിതം. മൂത്രമൊഴിച്ചാലും കിടക്കുന്നിടം വൃത്തികേടാവില്ല. അത് താഴോട്ടൊഴുകി പോന്നോളും. ആടിന്റെ ചൂര് നിറഞ്ഞുനില്ക്കുന്ന ഗൂഹയ്ക്കകത്ത് അല്പം മണലും. ആരോ കൊണ്ട് നിറച്ചിരിക്കുന്നതുപോലെ. പണ്ടേ ഉള്ളതാവാം, കാറ്റ് കൊണ്ടുവന്നതാവാം. അതില്‍ കുഴിയാനകള്‍ കൂട് കൂട്ടിയിരിക്കുന്നു. മുകളില്‍ പാറവിടവില്‍ ഒരു കിളിക്കൂടും. ആടും കിളിയും കുഴിയാനയും ഒരു കൂരയ്ക്കു കീഴില്‍ കഴിയുന്ന പ്രകൃതിയുടെ സഹവര്‍ത്തിത്വം. മലയുടെ മറുപുറത്തും ഇതുപോലൊരു കൂടുണ്ട്.
ഞങ്ങളെ ദൂരെ നിന്നു തന്നെ കണ്ടതുകൊണ്ടാവാം ഒരാടുപോലും പരിസരത്തെങ്ങുമില്ല. ആടു കിടന്നെടുത്ത് പൂടകാണും എന്നു പറഞ്ഞതെത്ര ശരി, പൂടയും ആട്ടിന്‍ ചൂരും നിറഞ്ഞ ഗുഹയില്‍ നിന്നു പുറത്തുകടന്ന് കരിമ്പാറക്കൂട്ടം ചുററി മുള്ളും വള്ളിപടര്‍പ്പും വകഞ്ഞ് വഴിയുണ്ടാക്കി വരയാടുമുടിയിലേക്ക് നടന്നു.

വഴി ദുര്‍ഘടമായിരുന്നു. കയ്യില്‍ കരുതിയ വടി കുത്തിപിടിച്ച് കുറിഞ്ഞിചെടികളുടെ മൂട്ടില് പിടിച്ച് പയ്യെ പയ്യെ കയറി. മുകളിലെത്തി. ഒരു സ്റ്റെപ്പു കൂടി കയറാനുണ്ട്. അത് അല്പം കൂടി സാഹസികമാണ്. കാരണം ഇരുവശവും കൊക്കപോലെ താഴ്വര കിടക്കുന്നു. കല്ലിന് മുകളില്‍ ചവിട്ടി സ്പൈഡര്മാന് സ്റ്റൈലില്‍ കയറണം. മുകളില്‍ എത്തിയാല്‍ മുന്നില്‍ പൊന്മുടിമലകള് മറുവശത്ത് വരയാട്ടുമുടിയുടെ കൂര്മ്പന് മുടികള്‍. അവിടെ ആടുകള്‍ കാണും.
''ഇവിടെ വരയാടുകള്‍ ഉണ്ടെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ആദ്യം ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഇപ്പോഴത്തെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ഗോപിനാഥന് സാറാണ്. അന്ന് അദ്ദേഹത്തോടൊപ്പം ട്രക്കിങ് നടത്തിയ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഞങ്ങളിവിടെവെച്ച് ഒരു കൂട്ടത്തെ കണ്ടു. അദ്ദേഹം ഫോട്ടോയെടുത്തു. വരയാടുകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാരിലേക്ക് എഴുതുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്ക് ഫണ്ട് അനുവദിക്കുന്ന സമയത്ത് ഫയര്‍ബെല്‍ട്ട് ഉണ്ടാക്കി പുല്‍മേടുകള്‍ നിയന്ത്രിതമായി കത്തിക്കുമായിരുന്നു. കരിഞ്ഞപുല്മേടുകള് പുതുമഴയില്‍ തളിര്‍ക്കും. ആടുകളുടെ ഇഷ്ടഭക്ഷണമാണത്. ഭക്ഷണം ഇല്ലാതാകുമ്പോള്‍ ആടുകള്‍ കാടിറങ്ങും. അത് അവയുടെ വംശനാശത്തിലേക്ക് നയിക്കും. ഇപ്പോള്‍ രണ്ടുകൊല്ലമായി ഫണ്ടില്ലാത്തതുകൊണ്ട് ഈ പ്രവര്‍ത്തനം നടക്കുന്നില്ല'' രാജന് പറഞ്ഞു.

അള്ളിപ്പിടിച്ച് താഴേക്കിറങ്ങി രണ്ടാംമുടിയുടെ താഴ്വരയിലെത്തി. അവിടെയതാ വരയാടിന് കൂട്ടം. മഞ്ഞിന്റെ മായികവലയത്തില്‍ പച്ചപ്പിന്റെ പരവതാനിയില്‍ ഇളം പുല്ലുകളും തിന്ന് കളിക്കുന്നു. മലമ്പള്ളയില്‍ പതുങ്ങിനിന്നവ യെ ക്യാമറയിലാക്കി. മനുഷ്യമണം പിടിച്ചവ ഇറങ്ങാന്‍ നോക്കുന്നു. ശരം വിട്ടവപോലെ കുതിക്കുമ്പോള്‍ അയ്യോ ഇപ്പോ വീഴും എന്നു നമ്മുടെ മനസ് പറയും. പക്ഷെ അവയ്ക്കവയെല്ലാം വെറും പുല്ല്! കുളമ്പ് വെക്കാന്‍ ഒരു പാറമുനകിട്ടിയാലും അവ ബാലന്‍സ് ചെയ്ത് നില്ക്കും. ചെന്നായ ഓടിക്കുമ്പോള്‍ ഇവ രക്ഷപ്പെടുന്നതും അങ്ങിനെതന്നെ. ആടുകളെ ക്യാമറക്കൂട്ടിലാക്കിയ ശേഷം ഞങ്ങള്‍ മെല്ലെ മലയിറങ്ങി. രാത്രി ഇരുളാന്‍ തുടങ്ങിയപ്പോഴേക്കും താഴ് വരയ്ക്കടുത്തെത്തി..

പ്രിന്‍സിപ്പാള്‍ ജീപ്പെടുത്തു. വണ്ടി നേരെ കല്ലാറിലേക്ക് ഇരുളിന്റെ മറവില്‍ ആരും കാണാതെ ഒരു മുങ്ങിക്കുളി. തൊട്ടടുത്ത കടയില്‍ നിന്നൊരു കട്ടന്‍ചായ. വണ്ടി വീണ്ടും മുന്നോട്ട്. യാത്രയുടെ അവലോകനത്തില്‍ എല്ലാവരും ആട്ടിന്‍കൂട് കാണാന്‍ പറ്റിയ ഭാഗ്യത്തെകുറിച്ച് വാചാലനാവുമ്പോള്‍ സത്താര്‍ മാഷൊരു രഹസ്യം പൊട്ടിച്ചു. 1984-ല്‍ പെരിങ്ങമല കോളേജില്‍ ജോയിന്‍ ചെയ്തതാണ് ഞാന്‍. അന്ന് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജനലഴി പിടിച്ച് ഞാനിങ്ങനെ നില്ക്കും. ദൂരെ ആരെങ്കിലുമുണ്ടോ എന്നെ കീഴടക്കാനെന്ന മട്ടില്‍ കൂര്മ്പന് മുടിയുമായി നില്ക്കുന്ന വരയാട്ടുമുടി. എന്നെങ്കിലും ഒരിക്കല്‍ ഈ മല കയറണം. അന്നു മുതല്‍ ഞാന്‍ വിചാരിക്കുന്നതാണ്. പക്ഷെ ഇന്നാണത് ഒത്തുവന്നത്. നോക്കണേ ഒരാളുടെ ഇരുപത്തെട്ടുകൊല്ലത്തെ മോഹം...
Courtesy: Mathrubhumi Yatra